37-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വെങ്കലം. ബുധനാഴ്ച ജവഹർ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്. ഗോൾ രഹിത മത്സരത്തിൽ ടൈബ്രേക്കറിൽ 4-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജവഹർ നെഹ്‌റു സ്റ്റേഡിയത്തിലെ ഫട്ടോർഡ ഗ്രൗണ്ടിൽ നടന്നത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ പാളി. കേരളത്തിൻ്റെ സുഹൈൽ എംഎയും പഞ്ചാബിൻ്റെ ബിപുൽ കലയും ഗോൾ നേടാനുള്ള പല നിർണായക അവസരങ്ങൾ നഷ്ടപ്പെടുത്തി.
മത്സരം രണ്ടാം പകുതിയിലേക്ക് നീങ്ങിയതോടെ ആവേശം രണ്ടിരട്ടിയായി വർധിച്ചു. 47-ാം മിനിറ്റിൽ ബിപുൽ കാല കേരള ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല. 70-ാം മിനിറ്റിൽ കേരള ഡിഫൻഡർ സുജിത്ത് വി.ആർ ഒരു ലോംഗ് റേഞ്ച് ഷോട്ടിന് ശ്രമിച്ചു. പഞ്ചാബിന്റെ ഗോൾകീപ്പർ മുഹമ്മദ് ഹർപ്രീത് സിംഗ് അവസരത്തിനൊത്ത് ഉയർന്ന് നിർണായക സേവ് നടത്തി.
മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ടൈബ്രേക്കർ വഴിയാണ് വിജയിയെ തീരുമാനിച്ചത്. കേരളത്തിന്റെ അർജുൻ വി, ബെൽജിൻ, സഞ്ജു സി, റിസ്‌വാനലി എടക്കാവിലാൻ എന്നിവർ ഗോളുകൾ നേടി വെങ്കലം ഉറപ്പിച്ചു. നേരത്തെ സെമിഫൈനലിൽ കേരളം സർവീസസിനോട് പരാജയപ്പെട്ടിരുന്നു.