ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; രണ്ടിലും മമ്മൂട്ടിയ്ക്ക് സാധ്യതയേറുന്നതായി റിപ്പോര്‍ട്ടുകള്‍

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമാണ് ഇന്ന് പ്രഖ്യാപിക്കുക. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ടെന്നാണ് വിവരം. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മൂട്ടിയും പരിഗണിക്കപ്പെടുന്നു എന്നാണ് വിവരം. കന്നട താരം ഋഷഭ് ഷെട്ടിയ്ക്ക് ഒപ്പമാണ് മമ്മൂട്ടിയുടെ പേരും പരിഗണിക്കപ്പെടുന്നത്. നന്‍ പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. ലഭ്യമാകുന്ന സൂചനകള്‍ പ്രകാരം മലയാളത്തിന് മറ്റ് ചില വിഭാഗങ്ങളിലും പുരസ്‌കാര സാധ്യത ഉണ്ട്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള 36 ഇനങ്ങളില്‍ പത്ത് സിനിമകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മാറ്റുരച്ചത് 160 സിനിമകള്‍. അതില്‍ നിന്ന് 40 സിനിമകള്‍ ജൂറി തെരഞ്ഞെടുത്തു. പ്രധാന പുരസ്‌കാരങ്ങള്‍ക്കുള്ള മത്സരം 10 സിനിമകള്‍ തമ്മില്‍. കാതല്‍ ദി കോര്‍, ആടുജീവിതം, ഉള്ളൊഴുക്ക് എന്നീ സിനിമകളാണ് ഇഞ്ചോടിഞ്ച് മത്സരിക്കുന്നത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളിലെ പ്രകടനത്തിന് മമ്മൂട്ടിയും, ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും മികച്ച നടനായുള്ള പോരാട്ടത്തില്‍ കനത്ത മത്സരമാണ്. മികച്ച നടിയാവാന്‍ ഒരേ സിനിമയിലെ അഭിനയത്തിന് രണ്ടുപേര്‍ തമ്മിലാണ് മത്സരം എന്നതും ശ്രദ്ധേയം. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിയും പാര്‍വതിയും തമ്മിലുള്ള മത്സരം. മികച്ച സംവിധായകന്‍ ആവാനുള്ള മത്സരത്തില്‍ ക്രിസ്റ്റോ ടോമി, ബ്ലസി, ജിയോ ബേബി എന്നിവരാണ് മുന്നില്‍. ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍ , 2018 എവരിവണ്‍ ഈസ് എ ഹീറോ എന്നീ സിനിമകള്‍ തമ്മില്‍ മികച്ച സിനിമയ്ക്കായുള്ള പോരാട്ടം. ആടുജീവിതത്തിലൂടെ എആര്‍ റഹ്‌മാനും, ഉള്ളൊഴുക്കിലൂടെ സുശിന്‍ ശ്യാമും മികച്ച സംഗീത സംവിധായകരുടെ മത്സരത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് പുരസ്‌കാര പ്രഖ്യാപനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp