‘നടപടി ഫെഡറൽ തത്വങ്ങളുടെ ലംഘനം’; കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചതിനെതിരെ ഇപി ജയരാജൻ

കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചതിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നടപടി ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ജനാധിപത്യ വാദികൾ ശക്തമായി അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ജയരാജൻ പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണെന്നും കേന്ദ്രസേനയെ രാജ്ഭവനിലേക്ക് അയച്ച നടപടി അപലപനീയമാണെന്നും അതിക്രമമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം നിലമേലിൽ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഗവർണർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. സർവകലാശാലകൾ കാവിത്കരിക്കുന്നു എന്നാരോപിച്ചാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നത്. കേന്ദ്രം ഇടപ്പെട്ടതോടെ സെഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ഗവർണർ റോഡിൽ പ്രതിഷേധിച്ചതിനും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ആശയവിനിമയം നടത്തിയതിനും പിന്നാലെയാണ് കേന്ദ്രതീരുമാനം. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ സി.ആർ.പി.എസ് സായുധ സേന ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു. കേന്ദ്രസേനയുടെ സുരക്ഷ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവർണർ പ്രതികരിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp