നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്. പരാതിക്കാരിയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം.

അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതുമായി ബന്ധപ്പെട്ട നടിയുടെ ആശങ്കകള്‍ കോടതി ഗൗരവപൂര്‍വം പരിഗണിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വകാര്യ ദൃശ്യങ്ങള്‍ അടക്കം പുറത്തുപോകുന്നത് തന്റെ സ്വകാര്യതയേയും നിലനില്‍പ്പനേയും ബാധിക്കുന്ന കാര്യമാണെന്ന നടിയുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തു.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ഉള്‍പ്പെടെ ഹര്‍ജിയിലൂടെ അതിജീവിത ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp