നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിൻറെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിൻറെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു പൾസർ സുനിയുടെ വാദം. ആറ് വർഷമായി ജാമ്യം ലഭിക്കാതെ ജയിലിലാണ്. കൂട്ടുപ്രതികൾക്ക് എല്ലാം ജാമ്യം ലഭിച്ചുവെന്നും സുനി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ ജാമ്യത്തെ സർക്കാർ അതിശക്തമായി എതിർത്തു. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ കോടതി തള്ളി.

നടൻ ദീലിപടക്കം പ്രതിയായ കേസിൽ യുവനടിയ്‌ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കേസ് രേഖകൾ പരിശോധിച്ച ശേഷം കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp