കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ഉപഹർജി. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിലാണ് സംസ്ഥാന സർക്കാർ ഉപഹർജി സമർപ്പിച്ചിരിക്കുന്നത്.
മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്. ഇന്ന് ഹൈക്കോടതിയുടെ ജസ്റ്റിസ് കെ ബാബുവിന്റെ സിംഗിൾ ബെഞ്ചിൽ സർക്കാരിന്റെ ഉപഹർജി പരിഗണിക്കും.
കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ജില്ലാ ജഡ്‌ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയായിരുന്നു കണ്ടെത്തൽ.
2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതിയിലെ മജിസ്‌ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് 19ന് പകൽ വിചാരണക്കോടതിയിലെ ശിരസ്തദാർ താജുദ്ദീനും മെമ്മറികാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ താജുദ്ദീന്റെ നടപടി മാത്രമാണ് നിയമവിരുദ്ധമെന്നും റിപ്പോർട്ടിലുണ്ട്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹെെക്കോടതി തള്ളിയിരുന്നു. ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപ് അപ്പീൽ നൽകിയത്. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്.