തെന്നിന്ത്യന്‍ നടി ഭാവനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ചായിരുന്നു താരം വിസ സ്വീകരിച്ചത്. ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ കൈമാറി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ 2019ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലം അടക്കം നിരവധി മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.