അനീതിക്കെതിരെ ശബ്ദിക്കാൻ തലമുറകളെ പ്രചോദിപ്പിച്ച, സത്യങ്ങൾ മുഖം നോക്കാതെ വെട്ടിത്തുറന്നു പറയാൻ മടിയില്ലാതിരുന്ന യഥാർത്ഥ സാംസ്‌കാരിക നായകനായിരുന്നു ഡോക്ടർ സുകുമാർ അഴീക്കോട്. അഴിമതിയ്ക്കും അക്രമത്തിനും അനാചാരങ്ങള്‍ക്കും വര്‍ഗീയതയ്ക്കും സാമൂഹികതിന്മകള്‍ക്കുമെതിരെ അദ്ദേഹം ഒറ്റയ്ക്ക് പോരാടി. അധ്യാപകനും പ്രഭാഷകനും വിമർശകനും എഴുത്തുകാരനുമായ ഡോക്ടർ സുകുമാർ അഴിക്കോട് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 12 വർഷം തികയുകയാണ്.
അനീതിക്കെതിരെ മുഖം നോക്കാതെ ശബ്ദിക്കുകയും മതേതരത്വത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിരന്തരം വാദിക്കുകയും ചെയ്ത നട്ടെല്ലുള്ള ഒരു നാവായിരുന്നു ഡോക്ടർ സുകുമാർ അഴീക്കോട്. ഒരേ സമയം സാമൂഹിക വിമർശകനും സാഹിത്യ വിമർശകനും സമഗ്രവിമർശകനുമായിരുന്ന അഴീക്കോട് അധികാരകേന്ദ്രങ്ങളുടെ അഹന്തയോടും അടിച്ചമർത്തലുകളോടുമാണ് നിരന്തരം കലഹിച്ചത്.
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ തന്റേടത്തോടെ തുറന്നുപറയാൻ അഴീക്കോട് ഒരിക്കലും മടിച്ചിരുന്നില്ല. വാഗ്ഭടാനന്ദ ഗുരുവിന്റെ സന്ദേശങ്ങളാണ് അനീതിയെ എതിർക്കാനുള്ള പ്രചോദനമായി അഴീക്കോടിന് മാറിയത്. വിമർശനത്തിന്റെ കൂരമ്പിൽ കോർത്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വാക്കുകളുടെ വിസ്മയമായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മനസ്സു മുറിഞ്ഞവർക്കൊപ്പമായിരുന്നു അഴീക്കോടിന്റെ ശബ്ദം.
1926 മെയ് 12-ന് കണ്ണൂർ അഴീക്കോട് അധ്യാപകനായിരുന്ന പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറ് മക്കളിൽ നാലാമനായിരുന്നു ഡോക്ടർ സുകുമാർ അഴീക്കോട്. മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടിയ അഴീക്കോട് വിവിധ കോളെജുകളിൽ അധ്യാപകനായശേഷം കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാള വിഭാഗം തലവനായും പ്രോ വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും പ്രവർത്തിച്ചു. നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാനും കേന്ദ്ര- കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗവുമായിരുന്നു. 1961-ൽ തലശ്ശേരിയിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, തത്ത്വമസി, ഭാരതീയത, അഴീക്കോടിന്റെ ലേഖനങ്ങൾ, ഗുരുവിന്റെ ദുഖം തുടങ്ങി നിരവധി കൃതികൾ ഡോക്ടർ സുകുമാർ അഴീക്കോടിന്റേതായിട്ടുണ്ട്. 2012 ജനുവരി 24ന് തന്റെ 85-ാം വയസ്സിലാണ് ഡോക്ടർ സുകുമാർ അഴീക്കോട് വിടവാങ്ങിയത്.