മുംബൈ: തന്റെ തോക്ക് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവാഴ്ച പുലർച്ചെ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ലൈസൻസുള്ള തന്റെ റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഒരു പരിപാടിക്കായി അദ്ദേഹം കൊൽക്കത്തയിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കൈയിൽ നിന്ന് തെന്നി വീഴുകയായിരുന്നു.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
90കളിലെ സൂപ്പർ സ്റ്റാറായ ഗോവിന്ദ കോമഡിക്കും ഡാൻസ് നമ്പറുകൾക്കും പേരുകേട്ട നടനാണ്. ഈ വർഷം മാർച്ചിൽ അദ്ദേഹം ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നിരുന്നു.