നബിദിന റാലിക്ക് അമ്പലമുറ്റത്ത് സ്വീകരണം, പതിവ് തെറ്റിക്കാതെ മധുരം നല്‍കി രാജനും കുടുംബവും; മതസൗഹാര്‍ദത്തിൻ്റെ മലപ്പുറം മാതൃകകള്‍

മലപ്പുറം: നബിദിനാഘോഷത്തിനിടയിൽ മതസൗഹാർദത്തിന്റെ മാതൃകകൾ തീർത്ത് മലപ്പുറം. പൊന്നാനി പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിൽ പതിവു തെറ്റാതെ ഇത്തവണയും നബിദിന റാലിക്ക് സ്വീകരണമൊരുക്കി. മതത്തിന്റെ പേരിൽ പരസ്പരം കലഹിക്കുകയും ഭിന്നിപ്പിന്റെ രാഷ്ട്രീയം വളരുകയും ചെയ്യുന്ന കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെ തെളിനീരൊഴുക്കിയാണ് നബിദിന റാലിക്ക് ക്ഷേത്ര കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയത്. പൊന്നാനി പുഴമ്പ്രം മഹല്ല് മദ്രസയുടെ കീഴിൽ നടന്ന നബിദിന റാലിയെ മധുരം നൽകിയും ശീതള പാനീയങ്ങൾ വിതരണം ചെയ്തുമാണ് ക്ഷേത്ര കമ്മറ്റി വരവേറ്റത്.

നബിദിന റാലിയെ സ്വീകരിച്ച ശേഷം ക്ഷേത്ര മുറ്റത്തുവെച്ച് മദ്രസ വിദ്യാർഥികളുടെ ദഫ് മുട്ടും നടന്നു. അണ്ടിത്തോട് അമ്പലക്കമ്മറ്റിയും പുഴമ്പ്രം അയ്യപ്പ സേവാ സംഘവും ചേർന്നാണ് സ്വീകരണം നൽകിയത്. മുൻ വർഷങ്ങളിലും അമ്പലക്കമ്മറ്റി നബിദിന റാലിക്ക് സ്വീകരണം നൽകാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി കൊവിഡിനെ തുടർന്ന് നബിദിന റാലി നടക്കാത്തതിനാൽ സ്‌നേഹസംഗമവേദിയും നടന്നിരുന്നില്ല. ശബരിമല സീസണിലെ അഖണ്ഡനാമയഞ്ജസമയത്ത് ക്ഷേത്രത്തിലേക്ക് അരിയും മറ്റു സാധനങ്ങളും പുഴമ്പ്രം മഹല്ല് കമ്മറ്റിയും നൽകാറുണ്ട്.

ചെറുമുക്കിൽ തെങ്ങുകയറ്റ തൊഴിലാളിയും പ്രദേശത്തെ കർഷകനുമായ മുളമൂക്കിൽ രാജനും കുടുംബവും ഈ വർഷവും നബിദിന ഘോഷയാത്രക്ക് മധുരം നൽകാനെത്തി. ചെറുമുക്ക് വെസ്റ്റിലെ ഇരു വിഭാഗം സുന്നി പ്രവർത്തകരുടെ നബിദിന റാലിക്കാണ് മധുരം നൽകിയത്. കഴിഞ്ഞ 12 വർഷക്കാലായി മതമൈത്രിക്ക് മാതൃകയായി കൊണ്ടിരിക്കുകയാണ് രാജനും കുടുംബവും. പ്രകൃതി മനോഹരമായ ആമ്പൽപാടത്തിനരികിലൂടെ നീങ്ങിയ ഘോഷയാത്ര വളരെ മനോഹരമായിരുന്നു. നിരവിധി വീടുകളിൽ സ്വീകരണം നൽകുകയും ചെയ്തു. രാവിലെ ഏഴര മണിക്ക് മമ്പാഉൽ ഉലൂം മദ്രസാ പ്രസിഡൻ്റ് വി പി മജീദ് ഹാജി പതാക ഉയർത്തിയതിനു ശേഷം തുടങ്ങിയ ഘോഷയാത്ര ഉച്ചക്ക് ഒരു മണിക്ക് അവസാനിപ്പിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp