പത്തനംതിട്ട: ഇരട്ട നരബലിക്കേസിന്‍റെ ചുരുളഴിഞ്ഞതിന് പിന്നാലെ പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധനങ്ങൾ വീണ്ടും അന്വേഷിക്കാനൊരുങ്ങി പോലീസ്. 2017ന് ശേഷം ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ് ഇവരുടെ തിരോധന കേസുകളാണ് വീണ്ടും അന്വേഷിക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടത്തുകയെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 12 പേരിൽ മൂന്ന് കേസുകൾ ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലാണ്.
സ്ത്രീകളുടെ തിരോധന കേസുകൾക്ക് പിന്നിൽ നരബലിയുമായി ബന്ധമുണ്ടോ എന്നായിരിക്കും പോലീസ് പ്രധാനമായും അന്വേഷിക്കുക. ഇരട്ട നരബലി കേസിലെ പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നെന്ന തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇയാൾക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷാഫി പല സ്ത്രീകൾക്കും പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ട് പോകാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ഷാഫി തങ്ങളെസമീപിച്ചിരുന്നെന്ന് ലോട്ടറി വിൽപ്പനക്കാരായ പല സ്ത്രീകളെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് സ്ത്രീകളെ കാണാതായ പരാതികൾ വീണ്ടും അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നത്.
2019 മുതൽ ഷാഫിക്ക് ലൈലയും ഭഗവൽ സിങ്ങുമായും ബന്ധമുണ്ട്. പലകാര്യങ്ങൾക്കും ഷാഫിക്കൊപ്പം ലൈല കൂട്ടുനിന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ വീണ്ടും അന്വേഷിക്കാൻ ജില്ലാ പോലീസ് ഒരുങ്ങുന്നത്.