നവംബര്‍ 1-നും 19-നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്, ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ. നവംബര്‍ ഒന്നിനും 19-നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുതെന്ന് യാത്രക്കാര്‍ക്ക് ഇയാള്‍ മുന്നറിയിപ്പ് നല്‍കി. സിഖ് വിരുദ്ധ കലാപത്തിന്റെ നാല്‍പതാം വാര്‍ഷികം അടുക്കവേയാണ് ഭീഷണിസന്ദേശം.

ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഇതുവരെ മറ്റ് എയര്‍ലൈനുകള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശമെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഖലിസ്താൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാന‍ഡ ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലുമാണിത്.

നേരത്തേയും ഗുർപത്‌വന്ത് സിങ് സമാന‌ഭീഷണികൾ മുഴക്കിയിരുന്നു. ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്നായിരുന്നു അതിലൊന്ന്. തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരുമാറ്റുകയും നവംബര്‍ 19-ന് അടച്ചിടുകയും ചെയ്യണമെന്നും കഴിഞ്ഞവർഷം ഭീഷണി മുഴക്കുകയുണ്ടായി. ഹമാസ് നടത്തിയതുപോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ആക്രമിക്കുമെന്നും മുമ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്.

കാനഡയുടെയും യുഎസിന്റെയും പൗരത്വമുള്ള ഗുര്‍പത്വവന്ത് സിങ് പന്നൂന്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp