നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യ ഒളിവിലെന്ന് സൂചന

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പൊലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പൊലീസ് സാവകാശം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷതലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കില്ലെന്നാണ് വിവരം.കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ നവീന്റെ കുടുംബം കക്ഷിചേരുമെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് പി പി ദിവ്യയാണെന്ന് കുടുംബം കോടതിയെ അറിയിക്കും. ദിവ്യക്കൊപ്പം കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ തന്നെയാണ് നവീന്‍ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പി പി ദിവ്യയുടെ പരാമര്‍ശങ്ങളെക്കുറിച്ച് കളക്ടര്‍ക്ക് മുന്‍കൂര്‍ അറിവെന്ന് സംശയിക്കുന്നതായുംകളക്ടര്‍ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന പിപി ദിവ്യയുടെ വാദവും ജീവനക്കാര്‍ നിരാകരിക്കുന്നു. ദിവ്യയെ ക്ഷണിച്ചതായി സ്റ്റാഫ് കൗണ്‍സിലില്‍ ആര്‍ക്കും അറിവില്ലെന്നും ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസിലെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് ജില്ലാ കളക്ടറെ നീക്കിയിട്ടുണ്ട്. പൊലീസ് കളക്ടറുടെ മൊഴിയും രേഖപ്പെടുത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp