നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

നാടിനെ ഞെട്ടിച്ച് കണ്ണൂര്‍ ചെറുകുന്നിലെ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേരാണ് ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. കണ്ണപുരം പുന്നച്ചേരിയില്‍ തിങ്കളാഴ്ച രാത്രി 9.50ഓടെയായിരുന്നു അപകടം. കെഎല്‍ 58 ഡി 6753 സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ എന്‍ പത്മകുമാര്‍(59), കൃഷ്ണന്‍ (65), മകള്‍ അജിത (35), ഭര്‍ത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (52), അജിതയുടെ സഹോദരന്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചവര്‍. പത്മകുമാര്‍ ആണ് കാറോടിച്ചിരുന്നത്.

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും കുടുംബവും. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും കാറും പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന കാറിന്റെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അപകടത്തില്‍പ്പെട്ട നാലുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെടുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp