നിഖിൽ തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; പിഎം ആർഷോ

ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഡിഗ്രി തോറ്റ നിഖിൽ തോമസ് എംകോമിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നാണ് ആരോപണം. മൂന്ന് മാസം മുൻപ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ പെൺകുട്ടിയുടെ പരാതി നൽകിയ സംഭവത്തിൽ സിപിഐഎം ഇടപെട്ട് നിഖിൽ തോമസിനെ എസ്എഫ്ഐ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയിരുന്നു. കായംകുളം എംഎസ്എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ ബികോം പഠിക്കാൻ ചേർന്നതെന്നാണ് നിഖിലിന്റെ വിശദീകരണമെന്നും തെറ്റായി പ്രവേശനം നേടിയെങ്കിൽ നടപടി ഉണ്ടാകുമെന്നും ആർഷോ പ്രതികരിച്ചു.

2018 – 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്.

മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. പരാതിക്കാരി എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇപ്പോൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ നിഖിലിനെ വിളിച്ചു വരുത്തി പരാതി ചർച്ച ചെയ്തത്. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിലിനോട് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖിൽ ഉന്നയിച്ചത്. തുടര്‍ന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp