ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഗുണനിലവാരത്തെ കുറിച്ചുള്ള ചിന്തകൾ നമ്മെ ആശങ്കപ്പെടുത്തും. എന്നാൽ പുതുവർഷം മുതൽ കാര്യങ്ങൾ മാറിമറിയുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കുന്ന പുതിയ ആപ്പിലൂടെ ഇനി ഹോട്ടലുകളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് തന്നെ പരിശോധിച്ചറിയാം. നിലവിൽ ഭക്ഷണത്തിന്റെ രുചി അനുസരിച്ച് മാത്രം റേറ്റിംഗ് നൽകുന്ന ആപ്പുകളാണ് പ്ലേ സ്റ്റോറിൽ ഉള്ളത്. ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കുന്ന ഈ ആപ്പ് വരുന്നതോടെ ഇനി ഹോട്ടലുകളുടെ വൃത്തിയും ഗുണനിലവാരവും കൂടി ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കും.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈജീൻ റേറ്റിംഗ് സ്‌കീം (എച്ച്ആർഎസ്) പ്രോഗ്രാമിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് ഒരു സ്ഥലത്ത് ചെന്നുപെട്ടാൽ വൃത്തിയും ഗുണനിലവാരവുമുള്ള ഹോട്ടൽ കണ്ടെത്താൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.
ചെറുകിട ഹോട്ടലുകൾ, കഫിറ്റേരിയകൾ, ധാബ, മിഠായി വിൽപന ശാലകൾ, ഇറച്ചിക്കടകൾ എന്നിവ മുതൽ സ്റ്റാർ ഹോട്ടലുകളുടെ വരെ റേറ്റിംഗ് ആപ്പിലൂടെ അറിയാം. ഹോട്ടലുകളിലെ ശുചിത്വം, പാത്രങ്ങളുടെ നിലവാരവും വൃത്തിയും, വെന്റിലേഷൻ, തുടങ്ങി എഫ്എസ്എസ്എഐ ആക്ട് 2006 ഷെഡ്യൂൾ 4 ൽ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്നത്.
ആപ്പിൽ എന്തെല്ലാം ?
ആപ്പിൽ ഹോട്ടലുകളുടെ ചിത്രങ്ങൾ, വിവരങ്ങൾ, വിലവിവര പട്ടിക, ഹോട്ടലിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള വഴികൾ എന്നിവ നൽകിയിരിക്കും. ആപ്പിൽ ‘പ്ലാസ്റ്റിക് അരി’ പോലുള്ള, ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ കുറിച്ചുള്ള കുറിപ്പും ഉൾപ്പെടുത്തിയിരിക്കും.
റേറ്റിംഗ് എങ്ങനെ ?
ഗുണനിലവാരം സൂചിപ്പിക്കാനായി നാല് നിറങ്ങളാണ് ആപ്പിൽ ഉപയോഗിക്കുന്നത്.
ആദ്യം പച്ച. ഏറ്റവും മികച്ച ഗുണനിലവാരം പുലർത്തുന്ന ഹോട്ടലുകൾക്കാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പച്ച റേറ്റിംഗ് നൽകുക.
രണ്ടാമത് മഞ്ഞ നിറമാണ്. വളരെ നല്ലത് എന്നതാണ് ഈ റേറ്റിംഗിനർത്ഥം. പിങ്ക് നിറം ‘നല്ലത്’ എന്ന് സൂചിപ്പിക്കുന്നു.
ഗുണ നിലവാരത്തിൽ ഇനിയും മെച്ചപ്പെടേണ്ട ഹോട്ടലുകൾക്കും, മോശം ഗുണനിലവാരമുള്ള ഹോട്ടലുകൾക്കമുള്ള റേറ്റിംഗാണ് നീല.
കേരളത്തിൽ മാത്രം രണ്ട് മുതൽ മൂന്ന് ലക്ഷം FSSAI രജിസ്‌റ്റേർഡ് ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 800 ഹോട്ടലുകൾ നിലവിൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള ഹോട്ടലുകളെ കൂടി ഉൾപ്പെടുത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം. ജനുവരി പകുതിയോടെ ആപ്പ് പ്ലേ സ്റ്റേറിൽ ലഭ്യമാകുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ അൻഷ ജോൺ പറഞ്ഞു.