നിപ: കോഴിക്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്ക് അവധി; 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്

കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. ജില്ലയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ ഈ മാസം 24 വരെ ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. കണ്ടെയിന്‍സോണുകളില്‍ ഉള്ള ആളുകള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനോ പുറമേയുള്ള ആളുകള്‍ക്ക് കണ്ടെയിന്‍മെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കടകള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp