നിയമം ലംഘിച്ചുകൊണ്ടുള്ള വിനോദ യാത്രയ്ക്ക് അനുമതി നൽകിയാൽ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും ഡ്രൈവറുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണം.
പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചു. നിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് എന്തുക്കൊണ്ട് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൂടെന്ന് ഹൈക്കോടതി ആരാഞ്ഞു. നിയമവിരുദ്ധ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാരും കുറ്റക്കാരാണ്. അലങ്കാര ലൈറ്റുകൾ അടക്കം നിയമ ലംഘനങ്ങൾ ഉള്ള വാഹനങ്ങളിൽ യാത്ര അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ ആരോപണത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. കെഎസ്ആർടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തിൽ കെഎസ്ആർടിസി ഡ്രൈവറെ വീണ്ടും മൊഴിയെടുക്കാൻ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസിയിലെ യാത്രക്കാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
ജോമോന്റെതായി നേരത്തെ പുറത്തുവന്ന ദൃശ്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. പൂനെയിൽ നിന്ന് പകർത്തിയ ദൃശ്യമെന്ന് ജോമോൻ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. വടക്കഞ്ചേരി അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസ് നിർത്തിയിട്ടില്ലെന്ന് ആർടിഓ റിപ്പോർട്ട് നൽകിയിരുന്നു. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. അപകടത്തിന് തൊട്ടുമുൻപ് വേഗത കുറച്ചെങ്കിലും അത് അപകടത്തിന് കാരണമല്ലെന്നും ആർടിഓ റിപ്പോർട്ടിൽ പറയുന്നു.
വടക്കഞ്ചേരി അപകടത്തിന്റെ കാരണവും സാഹചര്യവും ബസിലെ നിയമലംഘനവും ഒക്കെ പരിഗണിച്ച് ആർടിഓ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ആർടിസി അപകടസമയത്ത് ബസ് നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അപകടത്തിന് തൊട്ടുമുൻപായി കെഎസ്ആർടിസി വേഗത കുറച്ചിരുന്നെന്നും അത് പക്ഷേ, അപകട കാരണമല്ലെന്നും റിപ്പോർട്ടിലുണ്ട്.
ഈ മാസം 5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.