കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സർക്കാർ കള്ളക്കേസ് എടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.
ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.സഹകരണ മേഖലയിലെ തട്ടിപ്പിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
കേരളത്തിലെ നൂറു കണക്കിന് സഹകരണ ബാങ്കുകളിൽ കൊള്ള നടന്നിട്ടുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ മുച്ചൂടും തകർത്തിട്ട്, വീണ്ടും വീണ്ടും കേരളത്തിലെ സഹകാരികളെ വഞ്ചിക്കുന്ന പ്രസ്താവനയാണ് സഹകരണ മന്ത്രിയുടേത്.
കേരളത്തിലെ പല സഹകരണ ബാങ്കുകളിലും നടക്കുന്ന തട്ടിപ്പിനു സഹകരണ വകുപ്പിന്റെ അറിവും അനുമതിയും ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ഇറങ്ങിയിരിക്കുന്നത്.
സഹകാരികളെ രക്ഷിക്കാനല്ല, സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് ഇവിടുത്തെ ഇടത്, വലത് മുന്നണികളുടെ ശ്രമം. ഈ പ്രചാരണം സഹകാരികൾക്കിടയിൽ നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.