കോഴിക്കോട്: കുന്നമംഗലത്തിനടുത്ത് ചൂലാംവയലിലുണ്ടായ വാഹനാപകടത്തിൽ ഇരുപത്തഞ്ച് പേർക്ക് പരുക്കേറ്റു. ചൂലാംവയൽ മാക്കൂട്ടം എയുപി സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ നിർത്തിയിട്ട ലോറിയിൽ ബസിടിച്ചാണ് അപകടം. അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ബസ് യാത്രികരായ ഇരുപത്തഞ്ചു പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബസ്സ് റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനായത്.