കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുളള ഇലോണ്‍ മസ്‌കിന്റെ ട്വിറ്റ് പുറത്ത്. ട്വിറ്റര്‍ കമ്പിനിയുടെ ആസ്ഥാനത്ത് പുതിയ ലോഗോ പ്രദര്‍ശിപ്പിച്ചതായുള്ള ദൃശ്യങ്ങളും മസ്‌ക് പുറത്തുവിട്ടിട്ടുണ്ട്.
‘താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും” എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നത്. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്പുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്പ് മറുപടി നല്‍കി.
ചൈനയുടെ വീചാറ്റ് പോലെ ഒരു ‘സൂപ്പര്‍ ആപ്’ നിര്‍മിക്കാനുള്ള മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാന്‍ഡിങ് എന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ‘ഡോജ്’ കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കി മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോജ്കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി തകരാറുകള്‍ ആപ്പില്‍ നേരിട്ടിരുന്നു. ഇതിന് പുറമേ ട്വിറ്ററിന്റെ വരുമാനവും വലിയ രീതിയില്‍ ഇടിഞ്ഞിരുന്നു. ബ്ലു ടിക്കിന് സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായിട്ടും ട്വിറ്ററിന് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.