നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. സ്‌നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സിനിമ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും ആദ്യം തന്നെ ഉണ്ടായി. തുടർന്ന് ഹൈക്കോടതി ഇടപെടൽ ഉണ്ടായി. പിന്നാലെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. ഏതെങ്കിലും തരത്തിൽ നെഗറ്റീവ് റിവ്യൂ നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കാനാണ് ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചത്.
സിനിമ മോശമാണെന്ന് സോഷ്യൽ മീഡിയയിൽ റിവ്യൂ ഇട്ടതിന്റെ പേരിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്ക് മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ചാണ് സംവിധായകൻ പരാതി നൽകിയത്.
നേരത്തെ റിലീസിങ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. നിരൂപണം നടത്തുന്നതിൽ പ്രോട്ടോക്കോൾ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി പ്രോട്ടോക്കോൾ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു. അപകീർത്തികരമായ പരാമർശങ്ങളടക്കം നിയന്ത്രിക്കുമെന്നും അതിനെതിരെ നടപടിയെടുക്കും എന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.