‘നെടുമ്പാശേരിയിൽ ചെന്നു മൃതദേഹങ്ങൾ ഏറ്റുവാങ്ങും, പറ്റാവുന്ന വീടുകളിൽ പോകും’; സുരേഷ് ഗോപി

കൊച്ചി ∙ കുവൈത്തിലെ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശേരിയിൽ ചെന്നു മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും. പറ്റാവുന്ന വീടുകളിൽ പോകും. ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാരാണ്. മലയാളികൾ മാത്രമല്ലല്ലോ മരിച്ചത്. അതെല്ലാം കണക്കിലെടുത്തു ധനസഹായം പ്രഖ്യാപിക്കും. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടതു കുവൈത്ത് സർക്കാരാണ്. അവർ അതെല്ലാം കണ്ടെത്തി നമ്മളെ അറിയിക്കും. അവരുടെ നടപടികളിൽ നമുക്ക് ഇടപെടാനാകില്ല.

കുവൈത്ത് കണ്ടെത്താത്ത കാര്യങ്ങൾ നമുക്ക് ഇപ്പോൾ വിളിച്ചുപറയാനാകില്ല. അവരാവശ്യപ്പെടുന്ന നടപടികളിലെ ന്യായവും അന്യായവും നോക്കി ഇടപെടും. ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടത്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയ്ക്കു വലിയ മാറ്റം കൊണ്ടുവന്നവരാണു പ്രവാസികൾ. ആ വിചാരത്തിനായിരിക്കും മുൻതൂക്കം. കുവൈത്തിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാരാണ്. നമ്മുടെ വിദേശകാര്യ മന്ത്രാലയം മികച്ച രീതിയിലാണ് വിഷയത്തിൽ ഇടപെടുന്നത്.’’– സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 50 ആയെന്നു കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനാണു മരിച്ചത്. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp