ലോകകപ്പിൽ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ടോസ്. നെതർലൻഡ്‌സിനെതിരെ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
നിലവിൽ ലോകകപ്പ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഓറഞ്ച് പടയാകട്ടെ ഒമ്പതാമതും. ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ചാമ്പ്യന്മാർ ശേഷിച്ച രണ്ടു കളിയെങ്കിലും ജയിച്ച് മാനം കാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ എട്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്താല്‍ മാത്രമേ 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇംഗ്ലണ്ടിന് യോഗ്യത ലഭിക്കൂ.
ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഏക ജയം ബംഗ്ലാദേശിനെതിരെയായിരുന്നു. നെതർലൻഡിന് 2 വിജയവും 4 പോയിന്റുമുണ്ട്. സെമി സാധ്യത ഇപ്പോഴും പൂര്‍ണമായി അസ്മിച്ചിട്ടില്ല. രണ്ടു മല്‍സരങ്ങള്‍ കൂടി ബാക്കിനില്‍ക്കെ അവര്‍ക്ക് ഇപ്പോഴും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിനോടു ഇന്നു തോല്‍ക്കുകയാണെങ്കില്‍ നെതര്‍ലാന്‍ഡ്സും ലോകകപ്പില്‍ നിന്നും പുറത്താവും.