നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല

നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധിക്കേസിൽ കല്ലറ ഇന്ന് പൊളിക്കേണ്ടെന്ന് തീരുമാനം.സബ് കളക്ടറുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനം.ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കല്ലറ പൊളിക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം.സമാധി പൊളിച്ച് പരിശോധിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവുമായി പൊലീസ് ഉദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറെൻസിക്ക് സംഘവും സ്ഥലത്ത് എത്തിയപ്പോള്‍ പ്രതിഷേധവുമായി ഒരുവിഭാഗം നാട്ടുകാരും കുടുംബവും രംഗത്തെത്തുകയായിരുന്നു. കല്ലറയ്ക്ക് സമീപം കുടുംബാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ആചാരപ്രകാരമാണ് തങ്ങളുടെ അച്ഛനെ അടക്കിയതെന്നും ഒരു നോട്ടീസ് പോലും നൽകാതെയായിരുന്നു സമാധി പരിശോധിക്കാനുള്ള നടപടിയെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മിൽ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാൻ സബ് കളക്ടര്‍ തീരുമാനിച്ചത്. കുടുംബത്തിന്‍റെ ഭാഗം കേള്‍ക്കുമെന്നും കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകൻ വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച് നാട്ടുകാരും ഇതിനിടെ രംഗത്തെത്തി.അതേസമയം, ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കും പക്ഷെ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്ന് സബ് കളക്ടർ ഒ വി ആൽഫ്രഡ് പറഞ്ഞു. എല്ലാം നിയമപരമായ കാര്യങ്ങളിലാണ് മുന്നോട്ടുപോകുന്നത്, ജില്ലാ ഭരണകൂടത്തിന്റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുകയല്ല ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും സബ് കളക്ടർ വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp