ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ പിണറായി സർക്കാർ കച്ചകെട്ടിയിറങ്ങി; രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’. ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രധാന വിമർശനം. വിദ്യഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ‘കേരള സർക്കാരിന്റെ വിദ്യാഭ്യാസ കുരുതി’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഈ മാസത്തെ ‘കത്തോലിക്കാ സഭ‘യിലാണ് സി.പി.എമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത രംഗത്തെത്തിയിരുക്കുന്നത്. സഭക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നടപടികളാണ് ഇടതുസർക്കാരിൽ നിന്നും ഉണ്ടാകുന്നത്. എയ്ഡഡ് സ്കൂളുകളിലെ പ്ളസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ ഏകജാലക സംവിധാനം വഴി നടത്തണമെന്നുള്ള നിർദേശം ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷാവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. ഇത് അറിയാത്തവരല്ല വിദഗ്ദ സമിതിയിലുള്ളവർ.

വിദഗ്ദ സമിതി ശുപാർശകൾ അപക്വവും ചില നിരീക്ഷണങ്ങൾ വേണ്ടത്ര പഠിക്കാതെയുമാണ് ചേർത്തിട്ടുള്ളതെന്നും ലേഖനം വിമർശിക്കുന്നു. മൂല്യബോധത്തോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സഭയുടെ നിയമനാധികാരം കവരുന്ന ശ്രമങ്ങളും നടക്കുന്നുണ്ട്. അവശ്യമായി നടപ്പാക്കേണ്ട നിയമനങ്ങൾ നാളുകളായി അംഗീകരിക്കാതെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ വിവേചനം കാണിക്കുന്നുണ്ട്. നിയമനങ്ങൾക്ക് അംഗീകാരം നൽകാത്തതിനാൽ നിരവധി അധ്യാപകർക്ക് ശമ്പളവും ലഭിക്കുന്നില്ല.

വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഇന്ന് ഏറെ സങ്കീർണമാണ്. സ്കൂളുകളെ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ പിന്നണിയിൽ നടക്കുന്നുണ്ട്. ഇതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

സർവമേഖലയിലും നികുതി വർധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് സർക്കാർ. ഈ സംഖ്യകൊണ്ട് ആഡംബരവും ധൂർത്തും നടത്തിയും അഴിമതിയിൽ മുങ്ങിക്കുളിച്ചും നടക്കുന്ന സർക്കാരിന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിഴിഞ്ഞെടുക്കാനും മടിയുണ്ടാകില്ല. ലോട്ടറിയും മദ്യവും കൊള്ളക്കച്ചവടം ചെയ്ത് ജനങ്ങളെ പിഴിയുന്ന സർക്കാർ വിദ്യഭ്യാസവും കച്ചവടമാക്കി. എന്നിട്ട് സ്വകാര്യ മാനേജ്മെന്റുകളെ വിദ്യാഭ്യാസ കച്ചവടക്കാർ എന്ന് പഴി പറയുകയുകയാണെന്നും ലേഖനം വിമർശിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp