പത്തനംതിട്ട നൗഷാദ് തിരോധാന കേസില്‍ യുവാവിനെയും കുടുക്കാന്‍ പൊലീസ് ശ്രമിച്ചു. അഫ്സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമര്‍ശിക്കുന്നത്. നൗഷാദ് തിരികെയെത്തിയില്ലായിരുന്നെങ്കില്‍ രാജേഷും കേസില്‍ പ്രതിയാകുമായിരുന്നു.
രാജേഷ് എന്ന സുഹൃത്തിന് കേസില്‍ പങ്കുണ്ടെന്ന് അഫ്സാന മൊഴിനല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്സാന മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴിയുണ്ടായിരുന്നതായി പൊലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.
മൃതദേഹം മറവ് ചെയ്യാന്‍ രാജേഷ് സഹായിച്ചതായാണ് അഫ്സാനയുടെ മൊഴിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന വകുപ്പും ചേര്‍ത്ത് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൃതദേഹം സമീപത്തെ സെമിത്തേരിയിലെ കല്ലറയില്‍ അഫ്സാന മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നു.
കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്കി. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന് അഫ്സാന 24നോട് പറഞ്ഞിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു.