പഞ്ചാബിലെ അമൃത്സറില്‍ സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. തെരുവിലിറങ്ങിയ അനുയായികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
വാളും മുളവടികളുമായാണ് അമൃത്പാല്‍ സിംഗിന്റെ അനുയായികള്‍ പൊലീസിനെ നേരിടുന്നത്. അമൃത്പാലിന്റെ രണ്ട് അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൂടിയായിരുന്നു പ്രതിഷേധം.
കപൂര്‍ത്തലയിലെ ധില്‍വാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ജലന്ധര്‍-അമൃത്സര്‍ ദേശീയ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. അമൃത്പാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അറസ്റ്റുചെയ്ത അനുയായികളെ വിട്ടയക്കാനും ആവശ്യപ്പെട്ട് അജ്‌നാല പൊലീസ് സ്റ്റേഷന് സമീപമെത്തിയ അനുയായികള്‍ ബാരിക്കേഡുകളും തകര്‍ത്തു.
ദേശീയ പാത ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. പഞ്ചാബിലെ ‘വാരിസ് പത്താന്‍ ദേ’ എന്ന സംഘടനയുടെ തലവനാണ് അമൃതപാല്‍ സിംഗ്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമൃത്പാല്‍ സിങ്ങിനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.