‘പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ്സ് നിഷേധിക്കുന്നു’; സമരവുമായി കെ.എസ്‌.യു

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്‌.യു സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം നടത്തുന്നത്.

വിദ്യാർത്ഥി മനസ്സുകളെ ഉണർത്തിക്കൊണ്ട് സർക്കാരിന്റെ, വിദ്യാർത്ഥി-വിരുദ്ധ, പിന്നാക്ക സമുദായ വിരുദ്ധ നടപടികളെ തുറന്നു കാണിക്കുവാൻ വിഷയത്തിന്റെ ഗൗരവം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന തരത്തിൽ ഓൺലൈൻ ക്യാമ്പയിനായ ‘സ്റ്റാറ്റസ് മാർച്ചിലൂടെ’ പ്രതിഷേധം ആരംഭിക്കും.

ഇതിനോടൊപ്പം വിദ്യാർത്ഥികളുടെ പരാതികൾ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നതിനുവേണ്ടിയുള്ള ‘പോർട്ടൽ’ തുറന്നിട്ടുണ്ട്. യൂണിറ്റ് തലങ്ങളിൽ നിന്ന് വിദ്യാർത്ഥികളുടെ ഒപ്പുകൾ ശേഖരിച്ച് ‘ഒരു ലക്ഷം വിദ്യാർഥികളെ’ ചേർത്തുകൊണ്ടുള്ള ‘മാസ് പെറ്റീഷൻ’ തയ്യാറാക്കുകയും എല്ലാ യൂണിറ്റുകളിലും ‘പ്രൊട്ടസ്റ്റ് സർക്കിളുകൾ’ സംഘടിപ്പിക്കുകയും ചെയ്യും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡി.ഇ.ഒ ഓഫീസുകളിലേക്ക് മാർച്ചുകളും സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ഈ ഗ്രാൻ്റ് മുടങ്ങിയത് മൂലം വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കത്ത് നൽകിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp