കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ ക്രൂര ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരി സഹായത്തിനായി കിലോമീറ്ററുകൾ നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. അർദ്ധ നഗ്നനായി കുട്ടി 12 കിലോമീറ്ററോളം സഹായത്തിനായി അലഞ്ഞു. ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും കുട്ടിയെ സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
മനസാക്ഷിയെ നടുക്കുന്നു ഈ സംഭവത്തിലെ പൊലീസ് ഇടപെടൽ എടുത്തു പറയേണ്ടതാണ്. പെൺകുട്ടിക്ക് സാധ്യമായ മുഴുവൻ സഹായങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിക്ക് ആവശ്യമായ രക്തം ദാനം ചെയ്തത് രണ്ട് പൊലീസുകാരാണ്. ഇപ്പോഴിതാ പെൺകുട്ടിയുടെ പഠന-ചികിത്സാ ചെലവുകൾ വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച് മറ്റൊരു ഉദ്യോഗസ്ഥൻ രംഗത്തെത്തിയിരിക്കുകയാണ്.
പെൺകുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താൻ പെൺകുട്ടിയെ ദത്തെടുക്കുമായിരുന്നുവെന്ന് ഉജ്ജയിനിലെ മഹാകാൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അജയ് വർമ പറഞ്ഞു. “ആശുപത്രിയിൽ വെച്ച് പെൺകുട്ടിയുടെ നിലവിളി കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു. ദൈവം അവൾക്ക് ഈ ഗതിവരുത്തിയത് എന്തിനെന്ന് ഞാൻ ചിന്തിച്ചുപോയി. നിയമപരമായ സഹായത്തിനപ്പുറം ആ മകൾക്ക് വേണ്ടി എന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യും. കുട്ടിയുടെ ചികിത്സ-വിദ്യാഭ്യാസം എല്ലാം എടുക്കാൻ ഞാൻ തയ്യാറാണ്”- അജയ് വർമ വ്യക്തമാക്കി.