കോൺഗ്രസ് നേതാവ് പത്മിനി തോമസ് ബിജെപിയിലേക്ക്. ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് പത്മിനി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി.
സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 11ന് നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുകയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നാകും കോൺഗ്രസ് വിട്ടു വരുന്നവർക്ക് പാർട്ടി അംഗത്വം നൽകുന്നത്. ഏതൊക്കെ നേതാക്കളാണ് ബിജെപിയിൽ ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണിപ്പോൾ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് നേതാക്കൾ അറിയിക്കുന്നത്.