പനയംപാടത്തെ റോഡ് നിർമ്മാണം; തെന്നൽ പ്രതിരോധം കുറവ്, 2021 ലെ IIT റിപ്പോർട്ട് ദേശീയപാത അതോറിറ്റി അവഗണിച്ചു

പാലക്കാട് കരിമ്പ പനയംപാടത്തെ റോഡ് നിർമ്മാണത്തിൽ വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള ഐഐടി റിപ്പോർട്ട് പുറത്ത്. റോഡിന് തെന്നൽ പ്രതിരോധം കുറവാണെന്ന് 2021 ൽ തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, വേഗ നിയന്ത്രണം ആവശ്യമെന്നും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ ഇതൊന്നും ദേശീയപാത അതോറിട്ടി ചെവിക്കൊണ്ടിരുന്നില്ല. ഓവർടേക്കിനോ വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാനോ കാഴ്ച്ചാ ദൂരമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് നിരന്തരമായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് 2021 ൽ പാലക്കാട് ഐഐടിയിൽ ഇത്തരമൊരു പഠനം നടത്തിയത്. പനയംപാടത്തെ റോഡിനെ സംബന്ധിച്ച് മാത്രമായിരുന്നു അന്നത്തെ പരിശോധന.

കുത്തനെയുള്ള ഇറക്കത്തിൽ പൂർണമായുള്ള ചെരിവ് ഡ്രൈവർമാരുടെ സംശയത്തിനിടയാക്കുകയും അത് അപകടത്തിൽ കലാശിക്കുകയും ചെയ്യും. ഏകദേശം ഒരു മണിക്കൂറിൽ 35 കിലോമീറ്റർ മാത്രമായി വേഗ പരിധി ചുരുക്കേണ്ടതുണ്ട്.റോഡിൽ കൈവരികൾ ഉൾപ്പടെയുള്ളവ വെക്കേണ്ടാതായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നാല് വിദ്യാ൪ത്ഥിനികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടത്തും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഇന്നലെ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാ൪ ഇന്ന് പാലക്കാട് എത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp