പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായി സൂചന

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ വിദേശത്തു കടന്നതായി സൂചന .
സിംഗപ്പൂരിലേക്ക് കടന്നതയി പൊലീസിന് വിവരം ലഭിച്ചു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. പന്തീരങ്കാവ് പൊലീസ് ഒത്താശയോടെയാണ് വിദേശത്ത് കടന്നതെന്നാണ് വിവരം. അതേസമയം പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നെറ്റിയിൽ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്.

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന് രാഹുലിൻ്റെ മാതാവ് ഉഷ പിടി പറഞ്ഞു. യുവതിയുടെ കാമുകൻ വിളിച്ചത് അന്ന് മോൻ കണ്ടുപിടിച്ചു. അവർ തമ്മിൽ ചാറ്റിംഗ് ആയിരുന്നു. അതായിരുന്നു പ്രശ്നമെന്നും മാതാവ് പ്രതികരിച്ചു.

യുവതി നമ്മളോട് സഹകരിച്ചില്ല. പിന്നെ എപ്പോ സ്ത്രീധനം ചോദിക്കാനാ? കാമുകൻ വിളിച്ചത് പിടിച്ചു. പലതവണ ചോദിച്ചപ്പഴാണ് പറഞ്ഞത്. അങ്ങനെയാണ് ഫോൺ എടുത്ത് മാറ്റിയത്. മോൾക്ക് മൂന്നുപേരുണ്ടെന്ന് പറഞ്ഞു. രണ്ട് പേര് വന്നപ്പോൾ ജാതകം ചേരുന്നില്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. ഒന്ന് മുസ്ലിമാ. ഇതൊക്കെ രാഹുലറിഞ്ഞപ്പോ നിന്നെ ഇവിടെ എങ്ങനെ നിർത്തിയിട്ട് പോകുമെന്ന് ചോദിച്ചു.

ഞങ്ങളൊക്കെ ഒഴിവായിക്കൊടുക്കണമെന്നാണ്. അങ്ങനെയെങ്കിൽ അവൾ ഇവിടെനിൽക്കും. അല്ലെങ്കിൽ തിരുവനന്തപുരത്ത്. അന്ന് ഉന്തും തള്ളും ഉണ്ടായിരുന്നു. അന്ന് വരെ പ്രശ്നമൊന്നുമില്ലായിരുന്നു. അന്ന് ബീച്ചിൽ പോയി വന്നിട്ട് പുലർച്ചെയാണ് പ്രശ്നമുണ്ടായത്. എനിക്ക് നട്ടെല്ലിന് സുഖമില്ല. ഞാൻ കാര്യമറിഞ്ഞില്ല. അതുകൊണ്ടാണ് പോയി നോക്കാത്തത്. ഫോൺ ചാറ്റിംഗ് പിടിക്കുന്നത് വരെ ഇവർ തമ്മിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ദേഹത്ത് പാട് കണ്ടിരുന്നു. മോൻ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്. രാഹുൽ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവൾ പറഞ്ഞത് കള്ളമാണ്. മുൻപത്തെ കല്യാണത്തിൻ്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും മാതാവ് പ്രതികരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp