കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ഗോകുലം എഫ്‌സിയുടെ താരമായ ഗൗരി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
മണ്ണഞ്ചേരി 15-ാം വാര്‍ഡ് മുന്‍ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. പൂജ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗൗരി നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഫുട്‌ബോള്‍ പരിശീലത്തിനിറങ്ങിയതായിരുന്നു.
പരിശീലനത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൗരി മൈതാനത്തിന് പുറത്തിരുന്നു. വിശ്രമത്തിനിടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതോടെ സഹപാഠികള്‍ ചേര്‍ന്ന് ഗൗരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.