കൊല്ലം നഗരത്തിൽ 58 വർഷമായി പ്രവർത്തിച്ചു വരികയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ജൂൺ 15-ന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും ഇവിടെ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കൽ ചടങ്ങുകൂടി കഴിഞ്ഞിട്ട് അത് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. അതോടെ ജൂൺ 30 വരെ പ്രവൃത്തി ദിവസം നീട്ടി. ജീവനക്കാർക്കും ഇവിടെ സ്ഥിരമായി എത്തുന്നവർക്കും ഈ വാർത്ത ഏറെ വിഷമം നിറഞ്ഞതാണ്.
ഇവിടെ സ്ഥിരമായി ഒരുമിച്ചിരിക്കാൻ ഉദ്യോഗസ്ഥർ, വിരമിച്ചവർ, ബ്രോക്കർമാർ, ഡോക്ടർമാർ, എഴുത്തുകാർ തുടങ്ങി നിരവധിപേർ എത്താറുണ്ട്. ‘ഇരിപ്പ് ബാച്ച്’ എന്നാണ് ഹോട്ടൽത്തൊഴിലാളികൾ ഇവരെ വിശേഷിപ്പിക്കാറ്. സൗഹൃദം പങ്കുവെക്കാനും വിശേഷങ്ങൾ അറിയാനും ചർച്ചകൾക്കുമായി ഇവിടെയാണ് ഇവർ ഒരുമിച്ചു കൂടാറുള്ളത്. എന്നും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നവരും ഉണ്ട്. പക്ഷെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വരുമാനം കുറയാനും മികച്ച സേവനം ഉപഭോക്താക്കൾക്ക് കൊടുക്കാൻ സാധിക്കാതെയുമായി. ഇതോടെ പരാതികൾ വർധിക്കാനും വരുമാനം കുറയാനും തുടങ്ങി. അതോടൊപ്പം തന്നെ കൊവിഡും കാര്യമായ പ്രതിസന്ധി സൃഷ്ട്ടിച്ചു.
90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. കഴിഞ്ഞ 15 വർഷമായി ഇവിടെ നിയമനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. മാത്രവുമല്ല വരുമാനം ഇല്ലാത്തതുകൊണ്ട് വാടകയും ശമ്പളവുമെല്ലാം പ്രതിസന്ധിയിൽ ആയതോടെയാണ് ഇത് അടയ്ക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടെയുള്ള ജീവനക്കാരെ കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിലേക്കും മാറ്റും. ഇവിടെ ഇപ്പോൾ ആകെ 20 ജീവനക്കാരാണുള്ളത്.
1965 ജൂലായ് 27-നാണ് കൊല്ലം കപ്പലണ്ടിമുക്കിൽ ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് ഇവിടെ തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതിനുശേഷം അർച്ചന, ആരാധന തിയേറ്റർ സമുച്ചയത്തിലേക്ക് മാറ്റുകയായിരുന്നു.