പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണം; സൂത്രധാരന്‍ തെലങ്കാന സ്വദേശി

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന് കണ്ടെത്തൽ. നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണ് സൂത്രധാരനെന്ന് രഹസ്യാന്വേഷണ വിഭാഗം. 2013ല്‍ ച്ഛത്തിസ്ഗഡ് സുഖ്മയില്‍ കോൺഗ്രസ് നേതാവ് വി.സി ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമന്തു.

ഇയാള്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ്. ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത്. പശ്ചിമഘട്ട സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ ചുമതലയേറ്റ ഇയാള്‍ പലതവണ കേരളത്തിലെത്തിയാതായും വിവരമുണ്ട്.

കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളെന്നാണ് കണ്ടെത്തല്‍. കമ്പമലയിലേതകടക്കമുള്ള മാവോയിസ്റ്റ് അതിക്രമങ്ങളുടെ ആസൂത്രണത്തിന് പിന്നൽ ഇയാളാണെന്നും സൂചനയുണ്ട്. ആറളത്ത് വനപാലകര്‍ക്ക് നേരെ നടന്ന വെടിവയ്പ്പും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായെന്നാണ് വിവരം.

നിര്‍ജീവമായ നാടുകാണി, ഭവാനി ദളങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും രഹസ്യാന്വേഷണവിഭാഗത്തിന്‍റെ കണ്ടെത്തല്‍. ബാണാസുര, കബനി ദളങ്ങളില്‍ പതിനെട്ട് പേരാണുള്ളതെന്നും പൊലീസ് കണ്ടെത്തി. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp