പാക് ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്; മേഖലയിൽ ആശങ്ക കനക്കുന്നു

പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവുമെന്നും താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രതിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. ഈ ആക്രമണത്തിന് തിരിച്ചടിക്കുമെന്നും താലിബാൻ പറയുന്നു.കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ പാക് അതിർത്തിയിലെ പക്‌തിക പ്രവിശ്യയിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതായി പറയുന്നത്. അതേസമയം 13 പേരാണ് സ്ഥലത്ത് കൊല്ലപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ അഞ്ച് ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. ലാമൻ ഗ്രാമത്തിൽ കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. അതേസമയം നുഴഞ്ഞുകയറാൻ ശ്രമിച്ച 13 പേരെ കൊലപ്പെടുത്തിയെന്നാണ് പാക് സൈന്യത്തിൻ്റെ വിശദീകരണം. എങ്കിലും മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലെ തർക്കം ഇതോടെ രൂക്ഷമായിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp