പാടാനുള്ളത് അതിമധുരം; മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. ആഴവും പരപ്പും ആർദ്രതയുമുള്ള ഭാവതീവ്രമായ ആ ആലാപനം നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഒഴുകിക്കൊണ്ടേയിരുന്നു.പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളിയുടെ ഹൃദയത്തിലൂടെയാണതിന്റെ കൈവഴികൾ. കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളിൽ അത് സന്നിവേശിപ്പിക്കുന്ന, ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത.

നറുനിലാവു പോലെ മലയാളി മനസ്സുകളിലേക്ക് അലിഞ്ഞമരുന്ന ആ അമരസല്ലാപത്തിന് ആഴവും പരപ്പും ആർദ്രതയുമുണ്ട്. പാട്ടിന്റെ ഒരു സ്‌നേഹവഴിയാണത്. ശാന്തമായി തലോടുന്ന കുളിർകാറ്റുപോലെ, നാലു പതിറ്റാണ്ടിലേറെയായി ചിത്രഗീതം ഒഴുകിപ്പരക്കുകയാണ്.

മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കർക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാർക്ക് പിയ ബസന്തിയും കർണാടകത്തിൽ കന്നഡകോകിലെയുമാണ്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.

സംഗീതമായിരുന്നു ചിത്രയുടെ ജീവവായു. സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻനായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായി 1963 ജൂലൈ 27ന് ജനനം. അച്ഛനായിരുന്നു ആദ്യഗുരു. ഡോക്ടർ കെ ഒാമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീത പഠനം. സംഗീതജ്ഞൻ എം ജി രാധാകൃഷ്ണനാണ് ആകാശവാണിയിലും സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ആദ്യ സോളോ ഹിറ്റ്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കിൽ ജെറി അമൽദേവ് സംഗീതം പകർന്ന ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയ്ക്ക് അവസരങ്ങളുടെ പെരുമഴയായി. ഇളയരാജയിലൂടെ തമിഴിലുമെത്തി.

ആറ് ദേശീയ പുരസ്‌കാരങ്ങൾ, പതിനാറ് സംസ്ഥാന പുരസ്‌കാരങ്ങൾ. ഓരോ പുരസ്‌കാരം ചിത്രയെ കൂടുതൽ കൂടുതൽ വിനയാന്വിതയാക്കി മാറ്റുന്നു. ജീവിതത്തിൽ നൊമ്പരങ്ങളുടെ മുറിപ്പാടുകളുണ്ടെങ്കിലും ഒരു നറുപുഞ്ചിരി തൂകിക്കൊണ്ട്, തലമുറകളെ സംഗീതസാഗരത്തിലാറാടിച്ചുകൊണ്ടേയിരിക്കുന്നു ഈ ദേവഗായിക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp