പാലക്കാട് സൂര്യാഘാതം; 2 കന്നുകാലികൾ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ കൺട്രോൾ റൂമും തുറന്നിരിക്കുകയാണ്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

– പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക

– രോഗങ്ങള്‍ ഉള്ളവര്‍11 മുതല്‍3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

– പരമാവധി ശുദ്ധജലം കുടിക്കുക

– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

– വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

എന്താണ് സൂര്യാഘാതം

അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍ പ്രത്യക്ഷപ്പെടുക, നാഡിയിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബോധം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp