എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം തള്ളാതെ പി.വി അൻവർ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് വാർത്താ സമ്മേളനം നടത്തി നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് അൻവറിന്റെ അറിയിപ്പ്. പി.വി അൻവർ എം.എൽ.എയുടെ രാഷ്ട്രീയ നാടകങ്ങളുടെ പുതിയ എപ്പിസോഡ്.മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും. ഏറ്റവും ഒടുവിലിതാ നിയമസഭംഗത്വവും ത്യജിക്കാൻ ഒരുങ്ങുന്നു. ഇന്ന് രാവിലെ 9 മണിക്ക് സ്പീക്കറെ നേരിൽ കണ്ട് രാജിക്കത്ത് നൽകുമെന്നാണ് സൂചന. എംഎൽഎ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികൾ ഇല്ലാതെയാണ് രാജി. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് നീക്കം.സ്വതന്ത്ര എം.എൽ.എക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ടാണ് പി വി അൻവറിന്റെ രാജി തീരുമാനം. ഈ നിയമസഭ കാലയളവ് തീരും വരെയും എംഎൽഎയായി തുടരുമെന്നായിരുന്നു അൻവറിന്റെ നേരത്തെയുള്ള പ്രഖ്യാപനം. തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്ത പി.വി അൻവർ അയോഗ്യത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് സൂചന.
പിന്നാലെ അംഗത്വം എടുത്തില്ല എന്ന വാദം നിരത്തിയെങ്കിലും അത് പൊളിഞ്ഞു. രാജ്യസഭാംഗത്വം ഉൾപ്പെടെ കോൺഗ്രസ് വാഗ്ദാനം ചെയ്തുവെന്നും പി.വി അൻവറിൻ്റെ അടുപ്പക്കാർ പറയുന്നു. സ്പീക്കർക്ക് രാജിക്കത്ത് നൽകിയശേഷം രാവിലെ 9 .30ന് തിരുവനന്തപുരം സ്വകാര്യ ഹോട്ടലിൽ വച്ച് മാധ്യമങ്ങളെയും കാണും.