പീഡനക്കേസിൽ താൻ നിരപരാധി, സംഭവം രാഷ്ട്രീയപ്രേരിതം; വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളിൽ

പീഡനക്കേസിൽ താൻ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. നടപടിക്കു മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എൽ.എ അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നൽകാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എൽദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ഒളിവിൽപ്പോയതല്ലെന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കാൻ മാറി നിൽക്കുന്നതാണെന്നും അദ്ദേഹം നേതൃത്തത്തോട് പറയുന്നു.

‘പി ആർ ഏജൻസി ജീവനക്കാരി എന്ന നിലയിലാണ് യുവതി തന്നെ പരിചയപ്പെട്ടത്. പല എം.എൽ.എമാരുടെയും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തങ്ങൾ ആണെന്നും യുവതി പറഞ്ഞു. ആ നിലയിലാണ് പരിചയം. യുവതിക്കെതിരെ നിരവധി കേസുകൾ ഉണ്ട്’. – ഇത്തരം ആക്ഷേപങ്ങളാണ് പരാതിക്കാരിയായ യുവതിക്കെതിരെ എൽദോസ് ഉന്നയിക്കുന്നത്.

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചിരുന്നു. എൽദോസ് വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നൽകാത്തത് കുറ്റകരമാണ്. എംഎൽഎയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എംഎൽഎയുടെ മറുപടി വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, അത് പരിശോധിച്ച് മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. കോടതി എന്ത് നിലപാട് സ്വീകരിച്ചാലും പാർട്ടി നടപടിയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. അപേക്ഷയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുക. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp