കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് കോടതി തളളിയത്. സിപിഐ എംഎൽഎയായ വാഴൂർ സോമൻ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ആരോപണം.
എൽ ഡി എഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. വാഴൂർ സോമന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം. എന്നാൽ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്.
വിധി നിർഭാഗ്യകരമെന്ന് ഹരജിക്കാരൻ സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.