കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപിടിച്ച സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് റെയില്‍വേ പോര്‍ട്ടര്‍. വലിയ തോതിലാണ് തീ ആളിപ്പടര്‍ന്നത്. എന്‍ജിന്‍ വേര്‍പെടുത്തിയ ട്രെയിനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മനഃപൂര്‍വ്വം തീയിട്ടതായാണ് സംശയിക്കുന്നതെന്നും റെയില്‍വേ പോര്‍ട്ടര്‍ പ്രതികരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് തീപടര്‍ന്നത്. ആദ്യം പുക മാത്രമാണ് കണ്ടതെന്നും അടുത്തേക്ക് ഓടിയെത്തിയപ്പോഴാണ് ബോഗി കത്തുന്നത് കണ്ടതെന്നും സംഭവത്തിന് സാക്ഷിയായ റെയില്‍വേ പോര്‍ട്ടര്‍ 24നോട് പറഞ്ഞു.
എലത്തൂരില്‍ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. തീവച്ചതെന്ന നിഗമനത്തില്‍ തന്നെയാണ് ആര്‍പിഎഫ്. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.
പുക ഉയര്‍ന്ന ഉടനെ ബോഗി വേര്‍പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും റെയില്‍വേ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിന് മുന്‍പ് അജ്ഞാതന്‍ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.