റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നേരെ വധശ്രമമുണ്ടായതായി റിപ്പോർട്ട്. വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പുടിൻ രക്ഷപെട്ടതെന്ന് യൂറോ വീക്കിലി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ പുടിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എപ്പോഴാണ് പുടിന് നേരെ വധശ്രമം നടന്നതെന്നത് വ്യക്തമല്ല. എന്നിരുന്നാലും സംഭവത്തിൽ നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം. പുടിൻ തന്റെ വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പുടിന്റെ ലിമോസിൻ വാഹനത്തിന്‍റെ ഇടത് മുൻ ചക്രത്തിൽ വലിയ ശബ്ദത്തോടെ എന്തോ വന്ന് ഇടിച്ചെന്നാണ് യൂറോ വീക്കിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനത്തിന് മുന്നിൽ പുക ഉയർന്നുവെങ്കിലും വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ച് രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
കിലോമീറ്റർ അകലെയുള്ള താമസസ്ഥലത്തേക്കുള്ള വഴിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആദ്യത്തെ എസ്‌കോർട്ട് കാർ തടഞ്ഞു, രണ്ടാമത്തെ എസ്‌കോർട്ട് കാറിന് പെട്ടെന്ന് നിർത്തേണ്ടിയും വന്നു. ഈ സമയം അപകടമുണ്ടായതായാണ് വിവരം.
പ്രസിഡന്റിന്റെ നീക്കങ്ങളെക്കുറിച്ച് വളരെ ചെറിയ വൃത്തങ്ങൾക്ക് മാത്രമാണ് അറിയാമായിരുന്നത്. അതിനാൽ സംഭവത്തിന് പിന്നാലെ പ്രസിഡന്റിന്റെ അംഗരക്ഷകരേയും അന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ചിലരെ സസ്‌പെൻഡ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷ മുന്നിൽക്കണ്ടാണ് ഈ നീക്കം.