പുതിയ സാമ്പത്തിക വർഷം; ധനപ്രതിസന്ധിയിൽ ഇന്ന് കേരളത്തിന് നിർണായകം

സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ന് കേരളത്തിന് നിർണായകം.അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക.

പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം ധന മാനേജ്മെന്റിലെ പിടിപ്പുകേടെന്ന് കേന്ദ്രം അറിയിച്ചു.

ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്.

ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രിം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp