കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ എംടി വിമർശിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി നടൻ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എംടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവൻ നായരെന്ന് നടൻ ജോയ് മാത്യു കുറിക്കുന്നു.
എം.ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികളുടെ മണ്ടയ്‌ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എംടി സാഹിത്യം വരേണ്യസാഹിത്യമാകുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാതിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനെന്നുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും എംടി പറഞ്ഞിരുന്നു.
ഫേസ്ബുക്കിന്റെ പൂർണ രൂപം
എഴുത്തുകാരൻ എന്നാൽ.. എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്‌ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ് .സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം!)