പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതെ. ധനവകുപ്പിന്റെ ഉത്തരവ് സിപിഐഎമ്മും എല്‍ഡിഎഫും അറിഞ്ഞില്ല. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഉത്തരവിറക്കിയതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ്. നാളെ ആരംഭിക്കുന്ന സിപിഐഎം നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വിഷയം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്താണ് ഉത്തരവ് പിന്‍വലിച്ചത്. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു.
പ്രതിപക്ഷത്തിന്റെയും യുവജനസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രിസഭാ യോഗതീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്‌ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.