‘പെയ്തത് പൂർണമായും ആസിഡ് മഴയല്ല’; കൊച്ചിയിൽ ഇന്നലെ പെയ്ത മഴയെ കുറിച്ച് വിദഗ്ധൻ

കൊച്ചിയിൽ ഇന്നലെ പെയ്ത മഴയിലെ അംള സാന്നിധ്യത്തെ കുറിച്ച് ശാസ്ത്ര ചിന്തകൻ രാജഗോപാൽ കമ്മത്ത്. കൊച്ചിയിൽ ഇന്നലെ പെയ്തത് പൂർണമായും ആസിഡ് മഴയല്ലെന്നും, മഴ തുള്ളികളിൽ ആസിഡ് സാന്നിധ്യമുണ്ടെന്നാണ് അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പൂർണമായും ആസിഡ് മഴയല്ല അത്. മഴത്തുള്ളികളിൽ അമ്ല സാന്നിധ്യമെന്നാണ് ഉദ്ദേശിക്കുന്നത്. ഇത്തരം ആസിഡ് മഴകൾ പരിസ്ഥിതിക്ക് നല്ലതല്ല. ഈ മഴകണങ്ങൾ ശ്വസിക്കാൻ പാടില്ല. അലർജി പോലുള്ള പ്രശ്‌നങ്ങൾ ഇത് ഉണ്ടാക്കാം. വളരെ ഡൈല്യൂട്ട് ആയുള്ള സൾഫ്യൂരിക് ആസിഡും നൈട്രിക് ആസിഡുമാണ് മഴയിൽ വരുന്നത്. അതുകൊണ്ട് ഭയക്കേണ്ടതായി ഒന്നുമില്ല’-രാജഗോപാൽ കമ്മത്ത് പറഞ്ഞു.

ആസിഡ് മഴ നനഞ്ഞതിന്റെ പേരിൽ ആരും ആശുപത്രിയിൽ സഹായം തേടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയുടെ അന്തരീക്ഷത്തിൽ സൾഫർ ഡയോക്‌സൈഡും നൈട്രജൻ ഡയോക്‌സൈഡുമൊക്കെ ഉണ്ടെന്നും, മുൻപും ചെറിയ രീതിയിൽ ആസിഡ് മഴ കൊച്ചിയിൽ പെയ്തിട്ടുണ്ടെന്നും രാജഗോപാൽ കമ്മത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

ഏലൂർ പോലുള്ള വ്യവസായ പ്രദേശങ്ങളിലാണ് നേരത്തെ അമ്ല മഴ പെയ്തതെന്നും എന്നാൽ ഇന്നലെ വൈറ്റില പോലുള്ള നഗര പ്രദേശങ്ങളിലാണ് ആസിഡ് സാന്നിധ്യം കണ്ടെത്തിയതെന്നും രാജഗോപാൽ പറഞ്ഞു. താൻ സംഭരിച്ച മഴവെള്ളം ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp