പെരിയ ഇരട്ടക്കൊല കേസ്; സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും

കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഒന്നാംപ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെ ഗൂഢാലോചന തെളിഞ്ഞതിനാൽ പ്രധാന പ്രതികൾക്കുള്ള ശിക്ഷ അവരും അനുഭവിക്കേണ്ടിവരും. പീതാംബരൻ (മുൻ പെരിയ എൽസി അംഗം), സജി സി. ജോർജ് (സജി), കെ.എം. സുരേഷ്, കെ. അനിൽ കുമാർ (അബു), ജിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), എ. മുരളി, രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), .എ. സുരേന്ദ്രൻ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമൻ (ഉദുമ കുഞ്ഞിരാമൻ)(മുൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവൻ വെളുത്തോളി (രാഘവൻ നായർ) (മുൻ പാക്കം ലോക്കൽ സെക്രട്ടറി), കെ. വി. ഭാസ്‌കരൻ എന്നിവരുൾപ്പടെയുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.പ്രദീപ് (കുട്ടൻ), ബി. മണികണ്ഠൻ (ആലക്കോട് മണി), എൻ. ബാലകൃഷ്ണൻ (മുൻ പെരിയ ലോക്കൽ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വർഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാർ (ഗോപൻ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരാണ് കുറ്റവിമുക്തർ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp