പെരിയ ഇരട്ട കൊലപാത കേസില്‍ കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയില്‍ എത്തി എന്നതിന്റെ ആത്മവിശ്വാസം കല്യോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. ഇനിയെങ്കിലും മേഖലയില്‍ സമാധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിനുശേഷം നിരവധി അക്രമ സംഭവങ്ങളാണ് പെരിയ കല്ല്യോട്ട് ഭാഗങ്ങളില്‍ അരങ്ങേറിയത്. ചെറുപ്പക്കാരുള്‍പ്പെടെ നിരവധിപേര്‍ ഇരുഭാഗങ്ങളിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായി. അഞ്ചുവര്‍ഷത്തിനിപ്പുറം കൊലപാതക കേസില്‍ വിധി വരാനിരിക്കെ സിബിഐ കോടതിയിലാണ് കല്ല്യോട്ടേ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ മുഴുവന്‍.
കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പ്രോസിക്യൂഷന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ക്കുവേണ്ടി നിലകൊണ്ടെന്ന് വിമര്‍ശനം. സുപ്രീംകോടതി ഇടപെട്ടതാണ് കേസില്‍ വഴിത്തിരിവായതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. കൊച്ചി സിബിഐ കോടതി കേസില്‍ നാളെ വിധി പറയാന്‍ ഇരിക്കെ സംയമനം പാലിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.